Monday, 3 August 2015

വിരല്‍ പൊരുളുകള്‍

തലവരകൾ വരയ്ക്കപ്പെടുന്നത് തലയിലല്ല, കാലുകളിലാണ്. പല ആകൃതിയിലും വലിപ്പത്തിലും വളരുന്ന പെരുവിരലുകളിൽ വ്യത്യസ്തനിറങ്ങളിലാണ് ഓരോ വിരൽക്കുറിയും.

ഒറ്റനോട്ടത്തിൽ കണ്ട പ്രത്യേകത മാത്രമായിരുന്നില്ല, ഒരു ജീവിതം തന്നെ പറയാനുണ്ടെന്ന് തോന്നിപ്പിച്ചതുകൊണ്ട് ഒരിക്കൽക്കൂടിയെങ്കിലും കാണണമെന്നാഗ്രഹിച്ചതായിരുന്നു ആ കാല്‍വിരലുകള്‍. അതെ; ഷാർജ ഇന്ത്യൻ അസോസിയേഷനിലെ പ്രോഗ്രാമിനിടയിൽ കണ്ട അതേ വിരലുകൾ തന്നെ.

“ലോങ്ങ് ഡ്രൈവ് എനിക്കിഷ്ടാ. ഇഫ് യു അർ ഇന്ററസ്റ്റ്ഡ്, ജോയിൻ മി ഓണ്‍ നെക്സ്റ്റ് ഫ്രൈഡെ.” 
കോര്‍ണിഷിലെ ചൂടുപാറുന്ന മസാലകോഫിയോടൊപ്പം വല്ലപ്പോഴുമൊക്കെ പഞ്ചാബിലെ ഗോതമ്പുവയലുകളിലേയ്ക്ക് അവളോടൊപ്പം ഞാനും പോയ ഒരു സായാഹ്നമായിരുന്നു അത്. നിരതെറ്റാതെയുള്ള നിത്യജീവിതത്തിൽ വിരസമായി ആവർത്തിക്കപ്പെടുന്ന ഇരുപത്തിനാലു മണിക്കൂർ. മറുപടിക്ക് ചിന്തിക്കേണ്ടതുണ്ടായിരുന്നില്

മുന്നൂറിലധികം വിരലുകൾ മനഃപാഠമാണെനിക്ക്; ഒപ്പം അതിന്റെ ഉടമകളുടെ സ്വഭാവവും. വിരലുകളെ നിരീക്ഷിക്കുകയെന്നത് കുട്ടിക്കാലത്തേയുള്ള ശീലമാണ്‌. മുന്നിൽനിന്നും നോക്കുമ്പോൾ ‘റ’ പോലെ വളഞ്ഞ കാൽവിരലുകളുണ്ട്. പത്തിൽ മലയാളം പഠിപ്പിച്ച ടീച്ചറുടെ വിരലാണെങ്കിൽ അറ്റങ്ങൾ വളഞ്ഞ ചതുരാകൃതിയും. മുഖത്തുനിന്നല്ല, കാൽവിരലുകളിൽ നിന്നാണ്‌ ഒരാൾ വെടിപ്പുള്ളവനാണോയെന്ന്‌ മനസ്സിലാക്കാനാവുക. ഒന്നുകൂടി  ശ്രദ്ധിച്ചാൽ സ്വഭാവത്തിനൊപ്പം ആയുസ്സുപോലും വിരലിൽ നിന്നും വായിച്ചെടുക്കാം. ഞാൻ ഗണിച്ചെടുത്ത മരണദിവസങ്ങൾ ശരിയാണെന്ന് സമ്മതിച്ചുകൊണ്ട് പല വിരലുകളും ഈ ലോകത്തുനിന്നും കൊഴിഞ്ഞുപോയിട്ടുണ്ട്. നിഗമനങ്ങൾ ശരിയാകുമ്പോൾ മനസ്സിൽ ആ മരണങ്ങളെല്ലാം ആഘോഷങ്ങളാവുകയായിരുന്നു. ഇരയെ പിടിച്ച വേട്ടനായയുടെ സന്തോഷക്കിതപ്പ് !

ജഗ്പ്രീത് സിംഗിന് ഒറ്റപ്പാലത്തെ തമീമയിൽ ജനിച്ചവൾ, ഏകസന്താനം. സമ്പന്നനായ പിതാവിന്റെ സ്ഥാപനങ്ങളിലെവിടെയും ജോലി ചെയ്യാതെ ഒരു മീഡിയ കമ്പനിയിൽ പോകുന്നതെന്തിനായിരിക്കണം? ഒരേ ബസ്സിൽ യാത്ര ചെയ്യാൻ തുടങ്ങിയതിനുശേഷം വിരലുകളിലെ ഭാവമാറ്റം കണ്ടപ്പോഴാണ്  അവളെ കൂടുതൽ ശ്രദ്ധിക്കുന്നത്. ഐസ്ക്രീം കപ്പിന്റെ ആകൃതിയിലുള്ള നഖത്തിന്‌ പ്രോഗ്രാമിനിടയിൽ വച്ച് കണ്ടതിൽനിന്ന് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു.

ഒന്നിച്ചിരുന്ന് ഒരുപാടുനാള്‍ യാത്രചെയ്താലും പരസ്പരം പേരുപോലും അറിയാത്തവരാണ്‌ ബസ്സിലെ സ്ഥിരം യാത്രക്കാർ പലരും. മടിപിടിച്ച പുലർകാലയാത്രകളിലെ പതിവുമയക്കം ഒഴിവാക്കാത്തവർ. കുറച്ചുമാത്രം സംസാരിക്കുന്ന ഞങ്ങൾക്കിടയിലെ മഞ്ഞുരുക്കിയത് അരുന്ധതി റോയിയാണ്‌. അയ്മനത്തെ പാടവരമ്പിലൂടെയും നാടന്‍പാലപ്പത്തിന്റെ രുചികളിലൂടെയും ഒന്ന് ഊളിയിട്ടു വന്നപ്പോഴേക്കും ദിനയാത്രകള്‍ക്ക് നടപ്പാതയുടെ ദൂരം മാത്രമായി.

ചോദിക്കാതെ തന്നെ അവള്‍ പലതും പറഞ്ഞു. കുടുംബവിശേഷങ്ങൾ, അമൃത്സര്‍ മുതൽ ഒറ്റപ്പാലം വരെയുള്ള അവധിക്കാല യാത്രകൾ, ഗൾഫ് ജീവിതങ്ങളുടെ നിറവ്യത്യാസങ്ങൾ...

ജീവിതത്തിന്റെ ഗതിവിഗതികൾക്കനുസരിച്ച് വിരൽ സ്വയം രൂപം മാറാറുണ്ടോ? 1968ലെ ജനീവ മെഡിക്കൽ കോൺഫറൻസിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ ഡോ: ചാൾസ് ഹ്യൂബർ ഈയൊരു സാധ്യതയെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. അപ്രകാരം അനുഭവങ്ങൾ വളച്ച വിരൽരൂപങ്ങൾ തേടി അലയുമ്പോഴാണ്‌ ഒരത്ഭുതമെന്നപോലെ സാഷയുടെ വിരലുകൾ സഹയാത്രികരായത്.

അല്‍നഹ്ദയിലെ ഫ്ലാറ്റില്‍വന്ന് പിക്ക് ചെയ്യുമ്പോഴും എവിടേയ്ക്കാണെന്ന് അവള്‍ പറഞ്ഞിരുന്നില്ല. നഗരാതിര്‍ത്തി കടന്ന്, പൂഴ്ന്നുപോകുന്ന മണല്‍ക്കൂനകളെ  ഒരു കറുത്ത കുതിരയെപ്പോലെ കീഴടക്കി അവളുടെ ലാൻഡ് ക്രൂസർ മുന്നോട്ട് നീങ്ങി. നിശ്ശബ്ദതയുടെ സൗന്ദര്യം, സ്വർണ്ണനിറത്തിന്റെ വശ്യത. മരുഭൂമിയുടെ ഉള്ളിലേക്കും ഒപ്പം മനസ്സിന്റെ നീണ്ട ഇടനാഴികളിലേക്കും ഞങ്ങൾ ഒരേസമയം നിർത്താതെ ഡ്രൈവ് ചെയ്തു.

“കഴിഞ്ഞ കൊല്ലം വരെ വല്ലപ്പോഴുമൊക്കെയാ ഇങ്ങോട്ട് വരാറുള്ളത്. ഇപ്പോൾ മാസത്തിലൊരിക്കലെങ്കിലും വരും, അതെത്ര ചൂടായാലും തണുപ്പായാലും.. പഴയ പോലെ കൂട്ടുകാരൊന്നും ഇല്ലാതെ തനിച്ചാണെന്നു മാത്രം." അവൾ പറഞ്ഞത് തികച്ചും ശരിയായിരുന്നു. മാർഷലുകളെ പോലും അസൂയപ്പെടുത്തുന്ന വിധത്തിലുള്ള ഡ്യൂൺ ഡാഷിങ്ങ്. ടു വീലറിന്റെ അതിവേഗതയിൽ വയനാടൻ ചുരം തെന്നിയിറങ്ങിയപ്പോഴൊന്നും തോന്നാത്ത ഭയം ഉള്ളിലൊതുക്കി സീറ്റ്‌ബെല്‍റ്റിന്റെ ധൈര്യത്തിലിരുന്നപ്പോൾ അവൾ ചിരിച്ചു.

"മരുഭൂമിയുടെ ഏതു കോണിലായാലും അവിടെ മുനിസിപ്പാലിറ്റി ഒഫീഷ്യൽസ് എത്തും. മൂന്നുകിലോമീറ്റർ കൂടി ഉള്ളിലേക്ക് പോയാൽ നമുക്കിറങ്ങാം. അവിടെ നമ്മെ ശല്യപ്പെടുത്താൻ ആരും വരില്ല."

ഉയരമുള്ള ഒരു മണൽമലയ്ക്കു താഴെ ചെറിയ ഇലകളുള്ള ഒരു വയസ്സൻ മരം. മരുഭൂമിയുടെ മൗനത്തിലേക്ക് ശിഖരങ്ങൾ വളർത്തി ആരെയോ കാത്തുനില്ക്കുന്ന പോലെ. വെയിൽ ചായാൻ തുടങ്ങിയിട്ടേയുള്ളൂ, എങ്കിലും ചൂടനുഭവപ്പെട്ടില്ല. നഗരത്തിനും മുന്‍പേ മരുഭൂമി തണുക്കാൻ തുടങ്ങുമല്ലോ.

ഞങ്ങൾ മരത്തണലിൽ ഇരുന്നു. ചുറ്റും അങ്ങിങ്ങായി പല വലിപ്പത്തിലുള്ള കരിങ്കല്ലുകൾ. അവളുടെ തുടുത്ത കാലടികള്‍ എനിക്ക് മുന്നില്‍ നഗ്നരായി മണലില്‍ നീണ്ടുനിവര്‍ന്നു. രണ്ടാംവിരൽ പെരുവിരലിനേക്കാൾ നീളമുള്ളവർ ഭാഗ്യവതികളാണെന്നാണ്‌ പൊതുവെയുള്ള നാട്ടുപറച്ചിൽ. വെളുത്ത കാലിൽ ദീർഘചതുരം പോലെ നഖമുള്ളവർ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നവരാണ്‌. പക്ഷേ സ്വന്തമായി തീരുമാനങ്ങൾ എടുത്ത് പ്രവർത്തിക്കാനുള്ള പ്രാപ്തി അവർക്കില്ല, അതിന് മറ്റൊരാളുടെ സഹായം കൂടിയേ തീരൂ. വിരലുകൾതമ്മിൽ അകലം
കൂടുതലുള്ളവർക്ക് ആയുസ്സു കൂടുതലായിരിക്കും, ജീവിതക്ലേശങ്ങളിൽ കാലുപൊള്ളിയപ്പോഴാണ്‌ ആ വിരലുകൾ അകന്നു പോയിട്ടുണ്ടാവുക. മറ്റുനാലുവിരലുകളോടൊപ്പം ചേർന്ന് നിൽക്കുമ്പോഴും സാഷയുടെ പെരുവിരൽ മറച്ചുപിടിച്ച ഏകാന്തമായൊരു ഭാവമുണ്ട്‌, കൊടുങ്കാറ്റിനെ ഉള്ളിലൊതുക്കിയ ഒരു ഒറ്റയാൻ വൃക്ഷത്തിന്റേതുപോലെ. 

യാത്രയ്ക്കായി കരുതിയ ഫ്ലാസ്കിൽ നിന്നും പേപ്പർ കപ്പിലേക്ക് അവൾ ചായ പകർന്നെടുത്തു. “റിസാ.. ഞാൻ വരുന്ന ദിവസങ്ങളിലെല്ലാം ഒരു പക്ഷി എനിക്ക് കൂട്ടുവരാറുണ്ട്. ഒരു ബ്രൗണിഷ് സുന്ദരി. ചാരനിറമുള്ള  തൂവലുകൾ കോർത്ത മാലയണിഞ്ഞ് അവൾ ഈ മരത്തിന്റെ ചില്ലയിൽ വന്നിരിക്കും. ഞാനും അവളും ഈ മരുഭൂമിയും കുറേനേരം സംസാരിച്ചിരിക്കും. പറഞ്ഞുതീരാത്ത വിശേഷങ്ങൾ ഞങ്ങൾക്കിനിയുമൊരുപാടുണ്ട്. ഞാൻ കൊണ്ടുവരുന്ന ഭക്ഷണം ഞങ്ങൾ രണ്ടാളും പങ്കിട്ട് കഴിക്കും. അവളും എന്നെപ്പോലെ  തന്നെയാ. ആർക്കും പിടികൊടുക്കാത്തവൾ." സാഷ എന്നെ ഇടങ്കണ്ണിട്ടുനോക്കി. "അവളാണ്  ഈ മരത്തിന്റെ കഥ പറഞ്ഞുതന്നത്."

"അതു കണ്ടോ...“ അല്പം ദൂരേക്ക് അവൾ  വിരൽ ചൂണ്ടി. ”അതൊരു കിണറായിരുന്നു. വർഷങ്ങൾക്ക് മുൻപ് അതിനു ചുറ്റുമായി അസ്സീൽ എന്ന ഒരു ഗോത്രക്കാർ താമസിച്ചിരുന്നുവത്രേ. ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടാകണം, അന്നും മരുഭൂമിയിൽ അതിശക്തമായി കാറ്റുവീശുന്ന ഒരിടം ഈ താഴ്വരയായിരുന്നു. ഒരിക്കല്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ചില മരങ്ങൾ  കടപുഴകി, മറ്റുചിലത് വിറകിനായി അവർ മുറിച്ചുമാറ്റി. കാറ്റ് വീശിക്കൊണ്ടിരുന്നു. ഗോത്രവാസികൾ പുതിയ കിണറും തേടി പോയി. അന്നു മുറിഞ്ഞുവീണ പച്ചപ്പുകളിലൊന്ന് ഈ മരത്തിന്റെ  ഇണമരമായിരുന്നു." അവള്‍ ദീര്‍ഘമായി നിശ്വസിച്ചു, "നിനക്കറിയുമോ.. ഭൂമിക്കടിയിൽ ഇപ്പോഴും വേരുകൾ സിരപിണഞ്ഞു കിടപ്പുണ്ട്. നനവുകൾ ഉണങ്ങാത്ത പ്രണയപ്പച്ചപ്പിന്റെ കാറ്റിൽ തന്റെ തുണമരം മുളച്ചുവരുന്നതും കാത്ത് നിൽക്കുകയാണവൻ."

അവളുടെ കൂട്ടുകാരിപ്പക്ഷി അന്ന് വന്നില്ല. കഥയാണെങ്കിലും മണ്ണിനടിയിലെ സിരപിണഞ്ഞ വേരുകള്‍ അവളുടെ ഗന്ധംപോലെ എന്നിലേയ്ക്കാഴ്ന്നിറങ്ങി പടരുന്നുണ്ടായിരുന്നു.

അല്പം കഴിഞ്ഞപ്പോൾ കാറ്റിന്റെ വരവറിയിച്ചുകൊണ്ട് മരച്ചില്ലകൾ ചൂളംവിളിക്കാൻ തുടങ്ങി. സാഷ കാതുകൾ കൂർപ്പിച്ചു. പെട്ടെന്നവള്‍ തല കുടഞ്ഞു, മടക്കിവച്ച കാല്‍വിരലുകളില്‍ അമര്‍ത്തിപ്പിടിച്ച് കുനിഞ്ഞിരുന്നു. കാറ്റ് പതിയെ വീശിത്തുടങ്ങി. പാറിവരുന്ന ധൂളിയെയും എന്നെയും മാറിമാറി നോക്കി, അവള്‍ കൂടുതല്‍ അസ്വസ്ഥയായി. ഒന്നും മനസിലാവാതെ ഞാനമ്പരന്നു. ഒടുവില്‍ നിശ്ചയിച്ചുറപ്പിച്ചതുപോലെ  സാവധാനം എഴുന്നേറ്റ് മരത്തിന്റെ മറുവശത്തേക്ക് നടക്കുമ്പോൾ അവൾ പറഞ്ഞു. “റിസാ.. കാറിൽ കയറി ഇരുന്നോളൂ. ഞാൻ വിളിച്ചശേഷം മാത്രം പുറത്തിറങ്ങിയാൽ മതി. പ്ലീസ്."

ചോദ്യം ചെയ്യാൻ നില്‍ക്കാതെ ഞാൻ കാറിനുള്ളിൽ കയറി. എന്തിനായിരിക്കും അവൾ എന്നെ മാറ്റിനിർത്തിയത്..? പൊടുന്നനെ പൊടിയുയർത്തിക്കൊണ്ട് ശക്തിയായി കാറ്റ് വീശാൻ തുടങ്ങി. മണലിൽ ഇരുന്ന ശേഷം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഓരോന്നായി അവൾ അഴിച്ച് കരിങ്കല്ലുകള്‍ക്കിടയിൽ വച്ചു. അടിവസ്ത്രങ്ങളുടെ നേരിയ ബന്ധനത്തിൽ ഉരുകിയിരുന്ന സൗന്ദര്യം മണൽമുഴകളിലേക്ക് ചേർത്ത്, രണ്ടുകൈകളും പിന്നിലേക്ക് മടക്കി സാഷ മണ്ണിൽ മലർന്നുകിടന്നു.

മരം അവളെ പൂർണ്ണമായും മറയ്ക്കുന്നുണ്ടായിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്പെയിനിലെ പുരുഷനാഭിയിൽ കനലുകളെരിയിച്ച നെയ്ക്ക്ഡ് മജ* നിറം തെല്ലും മങ്ങാതെ അനുഭവത്തിന്റെ ക്യാൻവാസിലേക്ക് ഒരിക്കൽക്കൂടി എഴുതിച്ചേർക്കപ്പെട്ടു. കാഴ്ചക്കാർ കളവു പറഞ്ഞിട്ടുണ്ടാവാം, പക്ഷേ കാഴ്ചകൾ കള്ളം പറയാറില്ല. മരത്തിനിടയിലൂടെ വളർന്ന വെയില്‍ച്ചില്ലകൾ പൂത്ത പെൺശരീരത്തിന്റെ ചുറ്റളവുകളിലേക്ക് പുരുഷരൂപമെടുത്ത മരുക്കാറ്റ് പൂണ്ടിറങ്ങി. വരണ്ടുപോയ കിണറാഴങ്ങളിലെ വേരുകൾക്കിടയിൽ  വീണ്ടും ഉറവ ചുരന്നു. സ്പെയിനിലെ പുരുഷഞരമ്പുകൾ എന്റെ ശരീരത്തിലൂടെ പുളഞ്ഞുകയറി നിയന്ത്രിതരേഖകളെ പൊള്ളിക്കാൻ തുടങ്ങിയിരുന്നു. അഞ്ചുമിനിട്ട് കഴിഞ്ഞുകാണും, സാഷ വസ്ത്രങ്ങളെല്ലാം ധരിച്ച് തിരികെ വന്നു.“റിസാ.. നിനക്കു നോക്കാതിരിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല എന്നെനിക്കറിയാം. പക്ഷേ എനിക്കു വേറെ വഴികളില്ലായിരുന്നു. അയാം റിയലി സോറി. നിനക്കു നിന്നെ നിയന്ത്രിക്കാൻ കഴിയും എന്നതിലാണ്‌ നീയെന്ന പുരുഷനെ ഞാൻ കാണുന്നത്. എനിക്കു നിന്നെ വിശ്വാസമാണ്‌.” അപ്പോഴും ക്യാൻവാസിൽ ചാലിച്ച നിറങ്ങളിൽ നിന്നും ഞാൻ മുഴുവനായും ഉണർന്നിട്ടുണ്ടായിരുന്നില്ല. ആകാശം ഭൂമിയോട് ഭിക്ഷ യാചിക്കുന്നത് മണ്ണിൽ മാത്രം മുളയ്ക്കുന്ന ഈ സൗന്ദര്യവിത്തുകൾക്ക് വേണ്ടിയാണ്‌, അവ മുളപൊട്ടുന്ന നിമിഷങ്ങൾക്കു വേണ്ടിയും.

അവളുടെ മുടിയിഴകളില്‍ മണ്‍തരികള്‍. കണ്‍തടങ്ങളിൽ സുരതസൗന്ദര്യത്തിന്റെ ആലസ്യം. കമ്പനപൂർണ്ണതയിലെത്തിയ പെണ്മുഖം. എന്റെ മിടിപ്പുകൾ നിലച്ചിരുന്നില്ല. അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം ഞാൻ പറഞ്ഞു, “സോറി, നോക്കിയത് എന്റെ മാത്രം തെറ്റ്. എങ്കിലും.. സാഷ, നിനക്കിതെന്തു പറ്റി?” ഞാനവളുടെ കാൽവിരലുകളിലേക്ക് സൂക്ഷിച്ചുനോക്കി. കാറ്റുചുംബിച്ച നഖങ്ങളിൽ ഇഷ്ടസായൂജ്യത്തിന്റെ ഇളംചുവപ്പ്.

“പറയാം, പിന്നീടൊരിക്കലാവട്ടെ. ഇത്തവണ ഇങ്ങനെ സംഭവിക്കില്ല എന്നുറപ്പിച്ചിട്ടാണ്  നിന്നെ കൂടെ വിളിച്ചത്. പക്ഷേ... എനിക്കൊന്നും പറയാനില്ല ഇപ്പോൾ. നമുക്കു തിരിച്ചുപോകാം. ഇനിയീ യാത്ര എൻജോയ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല." അവള്‍ വണ്ടിയില്‍ കയറി. "നിന്റെ മനസ്സിൽ ചോദ്യങ്ങൾ പിടയുന്നുണ്ട്, എന്റെയുള്ളിൽ മാത്രമുള്ള ഉത്തരങ്ങൾക്കായി. റിസാ.. റിയലി സോറി. നമുക്കു പോകാം"

മടക്കയാത്രയിൽ മരുഭൂമിയുടെ മൗനം കാറിനുള്ളിൽ എന്നെ വീർപ്പുമുട്ടിച്ചു. 
നോക്കുന്നയിടങ്ങളിലെല്ലാം കാറ്റിനെയാവാഹിക്കുന്ന തീയുടലിന്റെ നാളങ്ങൾ. ഇടയ്ക്കെപ്പൊഴോ വീശുന്ന ചെറിയ പൊടിക്കാറ്റുകളോട് അവൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. "ഒരിക്കൽ ഞാൻ തനിയെ വരും. നിലാവില്ലാത്ത ഒരു രാത്രി. നേരം വെളുക്കുവോളം ആകാശം നോക്കി എനിക്കു കിടക്കണം. നടക്കുമോ എന്നറിയില്ല, എങ്കിലും എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്‌ അങ്ങനെയൊരു രാത്രി."

അലുമിനിയപാത്രത്തിൽ ജീവനോടെ പിടിച്ചിട്ടാൽ മീനുകൾ കിടന്നുഴയുന്ന ശബ്ദമാണ്‌ നഗരത്തിന്‌. നിയോൺ വെളിച്ചത്തിന്‌ വക്കോളമെത്തിയ കരച്ചിലിന്റെ മൗനവും. അൽ നഹ്ദയിലെ ഫ്ലാറ്റിനു താഴെ അവളും ഇറങ്ങി, എന്റെ കൈകൾ അമർത്തിപ്പിടിച്ചു. "നിന്റെ സ്വപ്നങ്ങളിലേക്ക് ഒരിക്കൽ പോലും എന്നെ വിളിക്കരുത്. പിന്നീട് നിരാശനാകേണ്ടി വരും."

കാറിലേക്ക് അവൾ തിരിച്ച് കയറുമ്പോൾ ഞാനൊരിക്കൽക്കൂടി നോക്കി. അവളുടെ വിരലുകൾക്ക് വീണ്ടും മാറ്റം വന്നിരിക്കുന്നു. തീരെ അഴുക്കു പുരണ്ടിട്ടില്ല എങ്കിലും ചോരവറ്റിയ നരച്ച നിറം. നഖം അല്പം കൂടി കുഴിയിലേക്ക് ഇറങ്ങിയിരിക്കുന്നു. അവളുടെ മനസ്സിനെ എന്തോ കാര്യമായി അലട്ടുന്നുണ്ട്. തെരുവിലെ വാഹനങ്ങളുടെ ഓളത്തിലേക്ക് അവളുടെ കറുത്ത കാറും ആടിയിറങ്ങിപ്പോയി.

പിറ്റേന്ന് വൈകിട്ട് സെൽഫോണിൽ അവളുടെ മെസ്സേജ്. “ഞാൻ നാട്ടിലേക്ക് പോകുന്നു. ഫ്രീയാവുമ്പോൾ വിളിക്കാം." പഞ്ചാബിൽ  കൊയ്ത്തുത്സവങ്ങളുടെ കാലം കഴിഞ്ഞു കാണുമല്ലോ, പിന്നെന്തിനാവും പെട്ടെന്നൊരു യാത്ര...!

എകദേശം മൂന്നുമാസങ്ങള്‍ക്ക് ശേഷമാണ്‌ പിന്നീടവൾ വിളിച്ചത്. “റിസാ, ഞാൻ സാഷയാടാ.. ഞാൻ തിരിച്ചെത്തി, ഒരാഴ്ച മുൻപ്. നാളെ രാവിലെ ഒന്നുകാണാൻ പറ്റ്വോ? സബീൽ പാർക്കിൽ വച്ച്?"

പിറ്റേന്ന്  നവംബർ ഒന്ന്. രാവിലെ പാർക്കിലെത്തുമ്പോൾ ദുബായ് പിങ്ക് വാക്കത്തോണിന്റെ തിക്കും തിരക്കും. രണ്ടാം നമ്പർ ഗേറ്റിന്റെ വലതുവശത്തായി സാഷ എന്നെ കാത്തുനിന്നിരുന്നു. “നീയെന്താ സാദാവേഷത്തിൽ, വാക്കത്തോണിന്റെ ബനിയനെവിടെ? മ്ഹും... ഇനിയെന്തായാലും വാ, നമുക്കും നടക്കാം ഇവരോടൊപ്പം.”

സബീൽ പാർക്കിനെ ഒരു തവണ വലംവച്ച് വാക്കത്തോണ്‍  അവസാനിച്ചപ്പോൾ ഞങ്ങൾ മതിലിനോട് ചേർന്ന് സിന്തറ്റിക് വിരിച്ച നടപ്പാതയിൽ ഇരുന്നു.

അവളാകെ മാറിയിരിക്കുന്നു. വിളറിയ ചുണ്ടുകളും കറുപ്പ് പടര്‍ന്ന കണ്‍തടങ്ങളും. “എന്താ പറ്റിയേ സാഷാ... നീയിതെവിടെയായിരുന്നു?” അവള്‍ മുഖം കുനിച്ചു. “റിസാ.. നിനക്ക് പോകാൻ തിരക്കൊന്നും ഇല്ലല്ലോ? കുറച്ചുനേരം എന്റെ കൂടെയിരിക്കൂ.”

ക്യാൻവാസ് ഷൂ ഊരി കാലുകൾ അവൾ നീട്ടിവച്ചു. നഖം വെട്ടിയൊതുക്കിയിട്ടില്ല. പാതിയടർന്നു പോയ നെയിൽ പോളീഷ്. പച്ചനിറമുള്ള ഞരമ്പുകൾ വിരലിന്റെ വിളർച്ചയിലേക്ക് വളർന്നുകയറിയിരിക്കുന്നു.

ഹാൻഡ് ബാഗിൽ നിന്നും അവൾ  ഒരു ബോട്ടിലെടുത്തു. “നിനക്ക് ചോദിക്കാൻ ഒരുപാടുണ്ടല്ലേ..” മൂടി തുറന്ന് പകുതിയോളം വെള്ളം ഒറ്റവലിക്ക് കുടിച്ച് കുപ്പിയെന്റെ നേരെ നീട്ടി. പറഞ്ഞുതുടങ്ങുമ്പോൾ വാക്കുകൾ പൊള്ളുന്നുണ്ടായിരുന്നു...

ഒന്നര വർഷം മുൻപാണ്‌, സമീഷയുടെ വീട്ടിൽ അവർ ഒന്നിച്ചുറങ്ങാൻ കിടക്കുകയായിരുന്നു. അവൾ മെഡിസിൻ പഠനം കഴിഞ്ഞു നില്ക്കുന്നു. മാറിടത്തിൽ വിരലുകൾ വിരിയിക്കുന്ന പതിവ് കുസൃതിക്കിടയിലാണ്‌ ഇടതുഭാഗത്തുള്ള ഒരു തടിപ്പ്  അവൾ കാണിച്ചുകൊടുത്തത്. അതൊരു തുടക്കമായിരുന്നു. മരുന്നുകൾ കൊണ്ട് ഭേദമാകുമെന്ന ഉറപ്പിനെ തോല്പിച്ച് പുതിയ മുളകൾ പൊട്ടിത്തഴച്ച് അത് ആഴത്തിലേക്കിറങ്ങി. വേദനയിൽ ഒടിഞ്ഞു തൂങ്ങിയപ്പോഴാണ്‌ ഇടതുവശം മുറിച്ചൊഴിവാക്കേണ്ടി വന്നത്. ഒറ്റമുലയുള്ള മാറിടത്തിനോട് സഹതപിച്ച് കൂട്ടുകാരിയുടെ വിരലുകൾ മാറിനിന്നു. ആശ്വാസവാക്കുകളുടെ വരണ്ട ശബ്ദങ്ങളിൽ നിന്നും ഏകാന്തതയുടെ അറ്റങ്ങൾ തേടി മരുഭൂമിയുടെ ഉയർച്ചകളിലേക്ക് കാലവണ്ടിയുമായി സാഷ യാത്ര തുടങ്ങിയതപ്പോഴാണ്‌.

“റിസാ, നിനക്ക് മരുഭൂമിയുടെ കാമുകൻ ആരാണെന്നറിയുമോ?" മുറിഞ്ഞുപോയ മുഴയില്‍ തടഞ്ഞുനില്‍ക്കുകയായിരുന്നു ഞാന്‍. അവളെ മുഴുവനായി വായിച്ചിട്ടും ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. “നീയെന്താ രാവിലെ തന്നെ ഫിലോസഫിക്കാൻ ഇറങ്ങിയിരിക്ക്യാണോ സാഷ?” “എന്നെക്കണ്ടാൽ അങ്ങനെ ഒരു ലുക്കുണ്ടെന്ന് നീ തന്നെ പറഞ്ഞിട്ടുള്ളതല്ലേ?” അവൾ കണ്ണിറുക്കി. “നീ കണ്ടിട്ടില്ലേ ആഞ്ഞുവീശുന്ന കാറ്റിനെ. പൊടിപടലങ്ങൾ പറത്തി മരുഭൂമി ഇണചേരുകയാണ്‌ കാറ്റിനൊപ്പം. നമ്മുടെ കാഴ്ചകൾ മറച്ച് അനുഭൂതിയുടെ പച്ചപ്പിലേക്ക് അവളെയും പറത്തിക്കൊണ്ടു പോകുന്നു നിത്യകാമുകൻ. അവളെപ്പോലെ തന്നെയായിരുന്നു ഞാനും. പരന്ന ഭൂശരീരത്തിൽ അളവുകൾ കൃത്യമല്ലാത്ത ഒരു മണൽക്കുന്നു മാത്രമായിരുന്നു എനിക്കും. ആകാശത്തേക്ക് എന്നെ തുറന്നുവച്ച് കിടക്കുമ്പോൾ ഉള്ളളവുകളിലേക്ക് പോലും നൂണ്ടുകയറുന്ന പുരുഷപ്രവാഹമാണ്‌ മരുക്കാറ്റ്. ഓരോതവണയും ഞാനവനെ ആസ്വദിക്കുക തന്നെയായിരുന്നു."

പുല്ലിലവശേഷിച്ച അവസാന മഞ്ഞുതുള്ളികളും മിന്നിക്കെട്ടുപോയി. വെയില്‍ പരന്നുതുടങ്ങുന്നത് വെറുതേ നോക്കിയിരുന്നു ഞങ്ങള്‍. "സാഷാ.. നീയെന്തുകൊണ്ടാ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്നത്?"

"ഹ..ഹ.. ഞാനൊരു ലെസ്ബിയനാണെന്ന് തോന്നുന്നുണ്ടല്ലേ നിനക്ക്..?" ചിരിയവസാനിപ്പിച്ച് തല മൂടിക്കെട്ടിയിരുന്ന ചുവന്ന ടവൽ അഴിച്ചെടുത്ത് അവൾ മുഖം തുടച്ചു. പൊഴിയാതെ ശേഷിച്ച മുടിയിഴകളില്‍ ചെമ്പന്‍നിറം പടര്‍ന്നുതുടങ്ങിയിരിക്കുന്നു. എന്റെ മുന്നി നിറം കെട്ടുപോയൊരു പെയിന്റിങ്ങ്!. "ഒരെണ്ണം മാത്രമായിട്ടെന്തിനാണെന്ന് ദൈവത്തിനും തോന്നിയിരിക്കണം. പകുതി മാറ്‌, അതെന്റെ നെഞ്ചിൽ നാട്ടിയ മീസാൻ കല്ലായിരുന്നു. മറുമുലയുടെ മരണം അടയാളപ്പെടുത്തിയ ഒരു നഷ്ടപ്പാട്.."

എന്റെ കൈകൾ എടുത്ത് അവൾ തന്റെ നെഞ്ചിലേക്ക് വച്ചു. "കണ്ടോ, ഞാനാകെ പരന്നു പോയി." ഞാൻ പെട്ടെന്ന് കൈവലിച്ചു, മുഴകളില്ലാത്ത ഒരു പെണ്‍മാറിൽ ഞാന്‍ തൊടുന്നത് ആദ്യമായിരുന്നു. അവൾ മുഖം കുനിച്ചിരുന്നു. "ഇത്തവണ നാട്ടിൽ പോയപ്പോൾ ശേഷിച്ചിരുന്ന ഒരെണ്ണം കൂടി പിഴുതുകളഞ്ഞു..." അവളുടെ ശബ്ദം വരണ്ടിരുന്നു. "മാറിൽ നോവ്‌ മുറിപ്പെടുത്തുമ്പോൾ എന്റെ കാൽവിരലുകൾ പോലും കഠിനമായി വേദനിച്ചിരുന്നു റിസാ..."

കയ്യിലിരുന്ന കാലിബോട്ടിൽ കടുംപച്ച വേസ്റ്റ്ബിന്നിലേക്ക് അവൾ നീട്ടിയെറിഞ്ഞു. “ഞാനെങ്ങനെയാ ഒരു കല്യാണത്തെക്കുറിച്ച് ചിന്തിക്കുക? മുലയില്ലാത്ത പെണ്ണിനെ കെട്ടാൻ ആരെങ്കിലും വര്വോ? എന്തിന്‌, നീ പോലും തയ്യാറാകില്ലല്ലോ?" അവളൊന്നു നോക്കി, "നിനക്കറിയോ, അങ്ങനെയുള്ളവൾക്ക് ഒരു വേശ്യയാകാൻ പോലും പറ്റില്ലാത്രേ.”

കെട്ടിടങ്ങളുടെ നീണ്ട നിഴലുകളെ മായ്ച്ച് നഗരത്തിന്റെ തിരക്കുകൾക്ക് ചൂട് നല്കാൻ വെയിൽ നിരത്തിലേക്കിറങ്ങി. അവളെന്നോട് കൂടുതൽ ചേർന്നിരുന്നു. “റിസാ, ഇനി ഒരു പുരുഷനെന്നെ സ്വീകരിച്ചാൽ തന്നെ, എനിക്ക് മക്കളുണ്ടായാൽ ഞാനെങ്ങനെയാ അവരെ പാലൂട്ടുക, പാവം എന്റെ മക്കൾ.”  എന്തിനെന്നില്ലാതെ അവൾ ചിരിച്ചു. “എന്നാലും എനിക്കൊരു പെണ്ണ്‌ കെട്ടണം, മാറ്‌ പരന്ന് പോയ കൊലുന്നനെയുള്ളൊരു പെണ്ണിനെ..”

സിന്തറ്റിക് പാതയിൽ നിന്നും അവളുടെ പാദങ്ങൾ ഞാനെന്റെ മടിയിലേക്കെടുത്തു. വീണ്ടും കാണണമെന്ന് ഒരിക്കൽ കൊതിച്ച വിരലുകളിലെ നഖങ്ങൾ കുഴിയിലേക്കിറങ്ങി കരുവാളിച്ചു പോയിരിക്കുന്നു. കാലുകളിലേക്ക് ഞാനൊന്നു കുനിഞ്ഞു. കണക്കില്ലാതെ ഉപയോഗിക്കേണ്ടി വന്ന മരുന്നുകളുടെ മണം നഖാഗ്രങ്ങളിൽ കട്ടപിടിച്ചിരിക്കുന്നു, അല്ലെങ്കിൽ മരണത്തിന്റെ വിറങ്ങലിച്ച മണമായിരിക്കാം. ആകൃതിയുടഞ്ഞുപോയ പെരുവിരലുകളിൽ ഓരോന്നിലും ദീർഘമായി ഞാൻ ചുംബിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്  മുഖമുയർത്താതെ തന്നെ ഞാൻ കണ്ടു.

വാരാന്ത്യമൈഥുനങ്ങളിലേക്ക് അവളെ കൊണ്ടുവന്നതിന്റെ ക്ഷമാപണം. നിസ്സഹായാവസ്ഥയുടെ ഏറ്റുപറച്ചിൽ, ഒരു അന്ത്യചുംബനം, അല്ലെങ്കിൽ വിരലുകളെക്കുറിച്ചുള്ള പഠനത്തിലേക്ക് വലിയൊരു അദ്ധ്യായം എഴുതിച്ചേർക്കാൻ കഴിഞ്ഞതിലുള്ള നന്ദി. കണ്ണുകൾ അടച്ചിരുന്നപ്പോൾ കാലുകൾക്ക് മുന്നിൽ ഞാനൊരു മാപ്പുസാക്ഷിയായി.

അപ്പോള്‍... നെഞ്ചിലെ തുടിപ്പുകളെ ഭോഗിച്ചുതീർത്തിട്ടും മതിവരാതെ അവളുടെ ദേഹസമൃദ്ധിയിലേക്ക് ദുർമേദസ്സ് ഇഴഞ്ഞുകയറുന്നത്  ഞാനറിഞ്ഞു. അവളുടെ മരണദിവസം ഞാൻ ഗണിച്ചെടുക്കുകയായിരുന്നു. എന്റെ കണക്കുകൾ തെറ്റാറില്ല. ഒരാൾ മരിച്ചുതുടങ്ങുന്നത് കാൽവിരലുകളിൽ നിന്നാണ്‌. പ്രാണൻ അവസാനം പുറത്തുപോകുന്നത് ണ്ണിലൂടെയും. കാൻസർ രോഗിയായിരുന്ന അസറുവിന്റെ വിരലുകൾ മരണത്തിന് ഒരാഴ്ചമുൻപ് ആർത്തുകരഞ്ഞതും ‘എനിക്കു ജീവിക്കണ’മെന്ന ദാഹം സഹിക്കാൻ കഴിയാതെയാണ്‌. സാഷയുടെ നഖങ്ങളിൽ മരണം മുളച്ചിരിക്കുന്നു! രക്തം വറ്റിയ അവളുടെ വിരലുകൾക്ക് ദാഹിക്കാൻ തുടങ്ങിയിരിക്കുന്നു. ദാഹം കഠിനമാകുമ്പോൾ വിയർക്കുന്ന ജീവി മനുഷ്യൻ മാത്രമായതുകൊണ്ടാണ്‌ ആ വിരലുകളും വറ്റാതെ വിയർക്കുന്നത്.

ഞങ്ങൾ ടാക്സി പിടിക്കാൻ റോഡിനടുത്തേക്ക് നടന്നു. ഇടയ്ക്കവൾ ഒന്നു തിരിഞ്ഞുനിന്നു.  “റിസാ, നീയെന്നെ കൊണ്ടുപോകുമോ ആ മരത്തിന്റെ ചുവട്ടിലേക്ക്, ഒരു രാത്രി?" മൗനമോഹത്തിന്റെ പച്ചക്കനൽ എരിയുന്നുണ്ടായിരുന്നു അവളുടെ കണ്ണിൽ. ഒരു രഹസ്യം പോലെ അവള്‍ പറഞ്ഞു, "രാക്കാറ്റിന് വീര്യം കൂടുതലാണത്രേ.."

അവൾക്കുവേണ്ടി ഇനി ചെയ്യാനുള്ളത് ആ ദിവസമെത്തുമ്പോൾ ഒരു ആത്മശാന്തി നേരുക എന്നത് മാത്രം. എന്റെ വിജയം കൂടിയായിരിക്കും അന്ന് കുറിക്കപ്പെടുന്നത്. പാതിരയ്ക്ക് കൂവുന്ന മരണംമുഴക്കിപ്പക്ഷി എന്റെ തൊണ്ടയിൽ ചിനച്ച് തുടങ്ങിയിരുന്നു.

പിന്നീടവളെ കണ്ടില്ല. ദിവസങ്ങള്‍ ഇനിയും ശേഷിക്കുന്നു.

നടപ്പാതയിൽ പതിവായി കാണുന്ന ഒരു ജോഡി വിരലുകൾക്ക് പിന്നാലെ എന്റെ കിതപ്പുകൾ ഓടിത്തുടങ്ങിയിട്ടുണ്ട്. അവയിലൊന്ന് വക്കുകള്‍ പരന്ന് ഇടതുവശത്തേയ്ക്ക് ചരിഞ്ഞിരിക്കുന്നു.

ഇനി, മുനകള്‍ പോലും മറച്ച് എന്റെ കാല്‍വിരലുകള്‍ സൂക്ഷിക്കണമെനിക്ക്...!
-- -- -- -- -- -- -- -- -- --
* സ്പാനിഷ് ചിത്രകാരനായ ഗോയയുടെ പ്രശസ്തമായ പെയിന്റിംഗ്

..........................................................................................................................
(കഥാഗ്രൂപ്പ് നടത്തിയ മനോരാജ് സ്മാരക കഥാമത്സരത്തില്‍ സമ്മാനാർഹമായ കഥ)